2009 മാർച്ച് 22, ഞായറാഴ്‌ച

ദുഃഖം

നീ യമയാനത്തില്‍ കയറി
തെക്കേ ദിശ നോക്കിപ്പറന്നുപോയതിന്
ഞാന്‍ നിശ്ശബ്ദസാക്ഷിയാണ്.

ഓര്‍മയുണ്ടോ,
പണ്ട് അമ്മമ്മയുടെ ഫോട്ടോ.....
ഇപ്പോള്‍ ആരുമില്ല
ഓര്‍മ മാത്രം ബാക്കി.
കഴിഞ്ഞകാലം ഛായാചിത്രം
വരാനിരിക്കുന്നത് അവ്യക്തചിത്രം.
ഞാന്‍ വരുണദിശയില്‍ കണ്ണും നട്ടിരിക്കുന്നു.
സൂര്യാസ്തമയം കഴിഞ്ഞാല്‍
സൂ‍ര്യോദയത്തിനു കാവല്‍.

നീ യമപക്ഷം പിടിച്ചുപറന്ന അന്ന്
ഞാന്‍ സൂര്യനേത്രനായി,
ചുറ്റും ചുട്ടുപഴുത്തു,
നമുക്കിടയില്‍ ഹിമശീതമുരുകി.

നിളയില്‍
കാക്കകള്‍ ആര്‍ക്കോ ബലിയിടുന്നു.
നീ നീന്തിത്തുടിച്ചു കാട്ടിത്തന്ന
പേരാറിപ്പോഴില്ല.

വീട് 1

കോലായ വീടിന്റെ മടിത്തട്ട്,
കുട്ടിച്ചിരികള്‍ക്ക് ആലോലം പാടാനും
കാച്ചിയ മോരോഴിച്ചൊപ്പിവടിച്ചതുണ്ണാനും.

അടുക്കളയാണു വസന്താരാമം,
പുറത്തു കരിയും പുകയും
അകത്തു രുചിയുടെ അന്നഭേദങ്ങള്‍.

മുറികള്‍ വീടിന്റെ ഹൃദയം,
സ്വകാര്യസങ്കടങ്ങള്‍ക്കും
പ്രണയമര്‍മരങ്ങള്‍ക്കും ഇടം.

ജനലുകള്‍ വീടിന്റെ കണ്ണുകള്‍,
പച്ചപ്പിലേക്കും പൂക്കളിലേക്കും
പടര്‍ന്നുകയറുന്നവ.

2009 മാർച്ച് 20, വെള്ളിയാഴ്‌ച

പ്രളയത്തിന്റെ തലേന്ന്

സര്‍വെ നമ്പര്‍ 111 / 10
പ്ലോട്ട് 10 ല്‍
ഒറ്റപ്പെട്ടുപോയ ഇരുമ്പാമ്പുളി
ദേഹമാസകലം ചൊറിഞ്ഞ്,
പൊട്ടിക്കരഞ്ഞ്.

മൊട്ടത്തെങ്ങിന്റെ
വാര്‍ഷികവലയങ്ങളുടെ
അടരുകളെണ്ണി
ഓര്‍മകള്‍ നേരം കളയുമ്പോള്‍
താഴേക്കു ചാടി
ആത്മഹത്യ ചെയ്യാനൂന്നുന്ന
കാലത്തിനു നേരെ
പ്രേരണാക്കുറ്റത്തിനു കേസെടുക്കുന്നു
ചൂടുപിടിച്ച സൂര്യന്‍ .

പ്ലോട്ടില്‍ പൊങ്ങിയ
ഫ്ലാ‍റ്റിന്റെ ഒത്തമീതെയിരുന്ന്,
കെട്ടിപ്പൊക്കിയ സ്വര്‍ണക്കോട്ടയുടെ
മാറ്റുരച്ചുനോക്കി നിര്‍വ്യതിക്കൊള്ളുന്നുണ്ട്
ലോകത്തിന്റെ പുതിയ ഉടമ.

വാക്കിലും നോക്കിലും
ബോറടിച്ച
പുതിയ കുഞ്ഞ്
രാത്രിയാകുന്നതും കാത്തിരുന്നു;
നക്ഷത്രങ്ങളെ എണ്ണിയെടുത്ത്
ഉള്ളംകയ്യിലെന്ന പോലെ........

2009 മാർച്ച് 15, ഞായറാഴ്‌ച

ഫ്രീസര്‍

അന്‍‌വര്‍
ബിനീഷ്
വിത്സണ്‍
മധ്യധരണിയിലെ ചുടുമണലില്‍
വിയര്‍ത്തു വിയര്‍ത്ത് എന്തോ രചിക്കുകയാണ്

അവരുടെ മനസ്സിലെ പേടകത്തില്‍
വിമാനം കയറുന്നതിനു മുമ്പത്തെ
ജീവിതത്തെ മരവിപ്പിച്ചു വെച്ചിരിക്കുന്നു.

‘കല്ല്യാണം കഴിഞ്ഞിട്ടില്ലാത്ത മഞ്ജു വാര്യര്‍
സിനിമയില്‍ ആദ്യമായി അഭിനയിക്കുന്ന മീരാ ജാസ്മിന്‍
മരിച്ചിട്ടില്ലാത്ത വി.കെ.എന്‍
കല്‍ക്കത്തയിലെ വിക്രംദാ
ഇന്ദ്രപ്രസ്ഥത്തിലെ ഒ.വി വിജയന്‍.’

നിവൃത്തിയില്ലാത്തതിനാല്‍
ഞാന്‍ ഇവിടെത്തന്നെയിരുന്നിട്ട്
കാല്‍മുട്ടിടിച്ചു വീണ്
കമ്മ്യൂണിസ്റ്റപ്പ ചതച്ചു ചാറിച്ച്
നിലവിളിക്കുന്ന കുട്ടിക്കാലത്തെ എന്നെ
എന്റെ മനസ്സില്‍ മരവിപ്പിച്ചു വെച്ചിരിക്കുന്നു.

അവരൊക്കെ
മണല്‍ക്കാട്ടില്‍ നിന്നും വന്നിട്ടു വേണം
ഫ്രീസറില്‍ നിന്നും എല്ലാം എടുത്തു ചൂടാക്കി
ഒന്നിച്ചൊന്നു ജീവിച്ചു തുടങ്ങാന്‍‌ .

2009 മാർച്ച് 14, ശനിയാഴ്‌ച

ചൂടിക്കയര്‍ തെരഞ്ഞു നടക്കുന്ന ബിയ്യംകായല്‍

അവളും ഒരു പെണ്‍കുട്ടിയാണ്,
പറഞ്ഞാല്‍ കേള്‍ക്കുകയും കേള്‍ക്കാതിരിക്കുകയും
ചെയ്യുന്ന സാധാരണ പെണ്‍കുട്ടി.

നന്നരാവിലെ വട്ടപ്പൊട്ടും തൊട്ട് ചമഞ്ഞിറങ്ങും.
പകല്‍ പണിയെടുത്ത് പണിയെടുത്ത് നടുകടയും,
ടക....ടക....ടക....റാട്ടിന്റെ മീട്ടല്‍
മുപ്പിരി അഞ്ചുപിരി
തുമ്പികള്‍ കമ്പകള്‍ ചൂടികള്‍ പാറിപ്പറക്കുന്ന വാനമ്പാടികളുടെ പൂന്തോട്ടം.
നട്ടുച്ചക്ക് വെട്ടിത്തിളങ്ങുന്ന വെള്ളപ്പൊട്ട്,
നന്നവൈകുന്നേരം ചുവപ്പ് പിന്നെ മഞ്ഞ.
വല്ലപ്പോഴും കറുത്ത പൊട്ട്‌.
കുളി രണ്ടുനേരമാണ്, ഉറക്കം ഇല്ല.

ഈ പെണ്‍കുട്ടി പകലത്തെപ്പോലെയല്ല രാത്രിയില്‍
ഉന്മാദമാണ്‌.
ഇരുട്ടില്‍ നിലാവ് ചാലിച്ച്‌ മോന്തി വെളിവുകെടും
പിന്നെ നൃത്തം തന്നെ നൃത്തം,
ഇക്കിളിപ്പൂക്കളും ചന്ദ്രനും നക്ഷത്രങ്ങളും ഉറങ്ങാക്കിളികളുടെ പാട്ടും
ചകിരിത്തൊണ്ടുകളുടെ താളം പിടിക്കലും.
രാവിലെ
അവസാനത്തെ നക്ഷത്രവും ഉറങ്ങാന്‍ പോയതിനു ശേഷം
ഈ പെണ്‍കുട്ടി കുളിച്ചു ചുവപ്പ് പൊട്ടു തൊടും.

പകലും രാത്രിയും ചില ആണ്‍പൂക്കള്‍
മീന്‍വലചുണ്ടുതുറന്ന് മുലക്കണ്ണില്‍കൊളുത്തിവലിക്കും
അവള്‍ക്ക്‌ ചുരക്കുകയും ചെയ്യും.
ദേശാടനക്കിളികളും കൊറ്റികളും താറാവുകളും
മാറിലെ മണിമാലകളില്‍ കൊക്കുരുമ്മി കൊക്കുരുമ്മി -
ക്കാത്തുനില്‍ക്കും.

ഒക്കെപ്പണ്ടാണ് !

അവളിപ്പോള്‍ ചൂടിക്കയര്‍ തെരഞ്ഞുനടക്കുന്നത് എന്തിനാണ് ?
എന്തു പറഞ്ഞാലും കേള്‍ക്കുന്നവളായി മാറിയിട്ടും
മാവിന്റെ കൊമ്പുകള്‍ വെട്ടിക്കൂട്ടി അവളെ തീയിലിടാന്‍ നോക്കുന്നത് ആരാണ് ?

2009 മാർച്ച് 13, വെള്ളിയാഴ്‌ച

വീട്

വീട് വീടല്ല
ഒരു പ്രണയിനിയാണ്
സ്നേഹമുള്ളിടതെക്ക്
ഓടിപ്പോകാന്‍ കാത്തിരിക്കുന്നവള്‍.